Player_logo Podcasts Community Create a Podcast
സോപാനസംഗീതം-“പത്മനാഭ മുകുന്ദ”(ത്യാണി)
Clean
January 04, 2009 04:36 AM PST
itunes pic

ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.
.
ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ
പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ
സ്ക്കൂള്‍വിദ്യാഭാസം രണ്ടാം‌ക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍ സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍
ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാം‌കുടി കുട്ടപ്പമാരാരും ശ്രീ ആയാം‌കുടി തങ്കപ്പമാരാരും സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ
വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍‌കുട്ടി,
ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍‌കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍ തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന
‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളം‌പാട്ട്, കളം‌പൂജ എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ്
രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും. തിരുവിതാം‌കൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ
പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്.
സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍
വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ് നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍‌കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍
ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി
അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്,
ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ
കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ് നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്.
രാഘവക്കുറുപ്പാശാന്‍ പാടിയ ഒരു ത്യാണിയാണ് ആദ്യമായി പോസ്റ്റുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.